സ്വാഗതം

നന്മ നിറഞ്ഞ മനസ്സുമായ്
സ്നേഹ വാതിലുകള്‍ മലര്‍ക്കെ തുറന്നു
ഇവിടെ വരാം
കൂട് കൂട്ടാം
- വി സി ഇക്ബാൽ

Monday, May 21, 2012

പരിഭവം


ഞാനൊരു
കല്യാണം
കഴിക്കുമ്പോള്‍
അതറിയിക്കണം.
ഞാനുണ്ടാക്കിയ
വീട്ടില്‍
കയറി പാര്‍ക്കുമ്പോള്‍
അതുമറിയിക്കണം.
അല്ലെങ്കില്‍
നാട്ടുകാര്‍ക്ക്
പരിഭവം.
എന്‍റെ
മരണം വരുമ്പോള്‍
ഞാനതെങ്ങിനെ
അറിയിക്കും.
അതിന്‍റെ
പരിഭവം ഞാന്‍.............

Sunday, May 20, 2012

വെയില്‍


വെയില്‍
മുറ്റത്തല്ല,
അകത്തോ
പുറത്തോ അല്ല,
മരത്തിലും
തൊടിയിലുമല്ല,
ഉമ്മറത്തെ
ചവിട്ടുപടിയിലിരിക്കുന്ന
എന്റെ മനസ്സിലാണ്.
അതിന്‍റെ
ചൂടില്‍
എരിയുകയാണ്. .........

Friday, May 18, 2012

വാല്‍






വാല് ചേര്‍ക്കാതെ 
വാഴുന്നവര്‍.
വാലോടു ചേര്‍ന്ന് 
വാഴുന്നവര്‍. 
വാലുള്ളവരും
വാലില്ലാത്തവരും
വാലിനെക്കുറിച്ചു
വാതോരാതെ പറയുന്നു.  

Tuesday, May 15, 2012

എന്റെ അണ്ണാറക്കണ്ണന്‍



ഒരു കുറെ നേരമായ്
മാവിന്‍ ചില്ലയില്‍ ചാടിക്കയറി
അണ്ണാന്‍ ചിലക്കാന്‍ തുടങ്ങിയിട്ട്.
എന്താണെന്നറിയാന്‍
കോലായിലെ
ചാരുവടി പിടിപ്പിച്ച തിണ്ണയില്‍
ഞാനുമതിനെ നോക്കി നിന്നു.
ഇണയെ വിളിക്കയാണോ
അതല്ല
എന്തെങ്കിലും
കണ്ടു ഭയന്നിട്ടാണോ ?
കണ്ണും കഴുത്തും കഴച്ചു എനിക്ക്;
എന്നിട്ടും അതിന്റെ
ശബ്ദം കനത്തു വന്ന്
കാതില്‍ അടിച്ചു കൊണ്ടിരുന്നു.
ചോളനുറുമ്പ് വന്ന് ഉപദ്രവിച്ചപ്പോള്‍
അതിന്റെ ശബ്ദം നിലച്ചു.
ചില്ലകളിലൂടെ
അത് അതിന്റെ വഴിക്ക് പോയി.

എന്റെ ചിലപ്പു പോലെ
എന്റെ പിരിച്ചുവിടല്‍ പോലെ
എന്റെ യാത്ര പോലെ
എന്റെ തൊടിയിലെ
എന്റെ അണ്ണാറക്കണ്ണനും...............

Sunday, May 13, 2012

അമ്മയും ഉമ്മയും


അമ്മയും ഉമ്മയും
അമ്മയ്ക്കൊരുമ്മയും
ഉമ്മയ്ക്കൊരുമ്മയും
കൊടുക്കുന്നു ഞാന്‍.
മനസ്സോടു ചേര്‍ന്നുള്ള
പദമാണതു,
മനസ്സിന്നകത്തുള്ള
തേനാണതു.
തുളുമ്പാത്ത സ്നേഹമാണീയമ്മയ്ക്ക്,
വിളമ്പുന്ന സ്നേഹമാണെന്നുമ്മയ്ക്ക്.
അമ്മയും ഉമ്മയും ഈ നെഞ്ചില്
കനലായെരിയുന്നു,കിനിയുന്നവര്‍.

കലികാലത്തില്‍





സന്ധ്യാ ദീപത്തിന്‍ ചുറ്റുമിരുന്നിട്ടു 
നാമം ജപിക്കുന്ന കുട്ടികളും,
നമസ്കാര പായയില്‍ സുജൂദു കഴിഞ്ഞിട്ട് 
ഖുറാനതോതുന്ന കുട്ടികളും,
ഇന്നില്ല കാണുവാന്‍ സന്ധ്യാ നേരത്ത് 
കലി കാലമെത്തി എനിക്കൊപ്പമായ്.


ചാത്തനും പൊക്കനും പോയത് പോലെ 
ഞാറ്റുവേലയും എന്നെ വിട്ടുപോയി 
ഞെട്ടറ്റു വീണ മുല്ലകള്‍ക്കൊന്നും
മണമില്ല കുട്ടികള്‍ പെറുക്കിയില്ല.


കണ്ടം നിറച്ചും കുലച്ചു നില്‍കുന്ന 
പൂവംപഴത്തിന്‍റെ മാമ്പിലുള്ള
തേനൊന്നു നുകരുവാന്‍ ദാഹം മാറ്റുവാന്‍ 
വണ്ടുകള്‍ ഈച്ചകള്‍ വരുന്നതില്ല.


ചാരിയിരിക്കുന്ന ചാരുകസേരയില്‍ 
മുത്തച്ചനെയും കാണ്‍വതില്ല 
ഒന്നിചിരുന്നിട്ടു ചെല്ലം തുറയ്ക്കുന്ന
മുത്തശിയും ഇന്നവിടെയില്ല 


നെറ്റിന്റെ ടിവിന്റെ മുമ്പിലിരുന്നിട്ടു
നേരം കളയുന്ന മനുഷ്യ ജന്മം 
ചെവിയോടു ചേര്‍ത്തിട്ടു കിന്നാരം ചൊല്ലുന്ന 
ഫോണിന്‍ തരിപ്പിലാണീ ചെറുപ്പം.


ഞാനുമീ വഴികളില്‍ ഞാനെന്ന ഭാവത്തില്‍ 
മാറ് വിരിച്ചു നടന്നിടുന്നു
കാലം കലികാലമാക്കുവാനായിട്ടു 
ഞാനും വരുന്നുണ്ടിതിന്നൊപ്പരം.  

Tuesday, May 8, 2012

മിസ്സ്‌, മിസിസ്, മിസ്റ്റര്‍




മിസ്ഡ് കാള്‍
മിസ്സ്‌ കോളായത്
മിസിസ്സത് കണ്ടു.
മിസ്‌കോളതു തുറന്നപ്പോള്‍
മിസ്സൊരുത്തിയുടെ
മിസ്‌കോളെന്നു നിനച്ചു,
മിസ്ടരെന്ന് വിളിച്ചു,
മിസിസ് വന്നു,
മിസ്‌ ഇതേതെന്നു
മിസിസ്സിനറിയണം.
മിസ്ടര്‍ മിസിസ്സിനെ നോക്കി
മിസ്‌ കോളിലെ
മിസ്സിനെയും നോക്കി.......

Saturday, May 5, 2012

നാദാപുരത്തോട് ചേര്‍ന്ന് നിന്ന്............



കടത്തനാടിന്റെ മണ്ണിനു ഇതൊരു സന്തോഷ മുഹൂര്‍ത്തം. വേവം എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഡോക്ടര്‍ അദീല പുതിയ ചരിത്രമെഴുതിയിരിക്കുന്നു.

കടത്തനാടിന്റെ ഓര്‍മകളില്‍ നാം  ഉണ്ണിയാര്‍ച്ചയുടെ കഥകള്‍ കുറെ കേള്‍ക്കുകയും പറയുകയും പാടി നടക്കുകയും ചെയ്തു. നാദാ പുരത്തങ്ങാടിയില്‍  മാപ്പിള പ്രമാണിമാരെയും ചട്ടമ്പികളെയും ബന്ദിച്ചു
നടന്നുപോയ ഉണ്ണിയാര്‍ച്ചയുടെ വീര കഥ. അത്കേട്ടറിവോ നാട്ടറിവോ  ഐതിഹ്യമോ ആയി തള്ളിപ്പറയാമെങ്കിലും ഇന്ന് കടത്തനാടിന്റെ മണ്ണില്‍ ഒരു മങ്ക അഭിമാനമായി ഉയര്‍ന്നു ചരിത്രം കുറിച്ചിരിക്കുന്നു.

ഐ എ  എസ്സെന്ന ത്ര്യക്ഷരിയില്‍ എത്തുക എന്നത് സാഹസകരമായ യജ്ഞമാണ്. ഇരുനൂറ്റി മുപ്പതാം റാങ്കുകാരിയായി ഡോക്ടര്‍ അദീലയെന്ന ഒരു പിന്നോക്കക്കാരി അവിടെ എത്തി ചേര്‍ന്നിരിക്കുന്നു. ഇതില്‍ നമുക്കെല്ലാം അഭിമാനിക്കാം.

ബോംബിന്റെയും വാളിന്റെയം വാര്‍ത്തകള്‍ എഴുതിയിരുന്ന പത്രക്കാര്‍ക്ക് നാദാപുരത്തെ കുറിചെഴുതാന്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുന്നു. നിങ്ങള്‍ക്ക് ഇതേക്കുറിച്ച് എഴുതാം. എന്നുമെന്നും എഴുതാന്‍ ഒരു അദീല ജന്മമെടുത്തിരിക്കുന്നു.

ഇവിടെ ആരും കാണാതെ ഇത്തരം പ്രതിഭകള്‍ ഒളിഞ്ഞിരിപ്പുണ്ട്. പഠിക്കാനും മറ്റു സര്‍ഗവാസനകളുള്ളവരും ഒട്ടേറെ ഇവ്ടെയുണ്ട്. അവര്‍ക്കാവശ്യമായ കളമോരുക്കിക്കൊടുക്കുക. അതിനു വേണ്ടത് നാട്ടില്‍ സമാധാന അന്തരീക്ഷമാണ്. അത് സാധ്യമായാല്‍ ഇവിടെ അദീലമാര്‍ ജന്മമെടുക്കും. ഈ മണ്ണിനു വളക്കൂറുണ്ട് ആവശ്യമായ വെള്ളവും വെളിച്ചവും പരിചരണവും ലഭിച്ചാല്‍ നല്ല വിളവു ഈ ഭൂമിയില്‍ നിന്ന് കൊയ്തെടുക്കാം.

വാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ നാട്ടില്‍ ആഘോഷമാണ്. അദീലയുടെ വീട്ടിലേക്കു ഫോണ്‍ കോളുകളുടെയും നേതാക്കളുടെയും പ്രവാഹം.സ്വീകരണങ്ങള്‍ ഒരുക്കാനുള്ള മത്സരവും.

ആഘോഷിക്കുന്നതും  സ്വീകരണം നല്‍കുന്നത് നല്ലത് തന്നെ. അത്  അന്ഗീകാരമാണ് ,ബഹുമതിയാണ്. അത് നല്‍കുക. ഒപ്പം തന്നെ ഇവിടെയുള്ള ഓരോ മനസ്സുകളും ഒരു പ്രതിജ്ഞ എടുക്കുക. ഇനി ഒരിക്കലും ഈ മണ്ണില്‍ ബോംബിന്റെയും വാളിന്റെയും രക്ത സാക്ഷികള്‍ ഉണ്ടാവാതിരിക്കാനായിരിക്കട്ടെ. അതാണ്‌ നമുക്ക് ഈ നാടിനു  നല്‍കാനുള്ള ഏറ്റവും വലിയ സമ്മാനം. അതായിരിക്കും നമ്മള്‍ അദീലയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ സ്വീകരണം.

അങ്ങിനെ സംഭവിച്ചാല്‍ ഒരു ശാന്തമായ അന്തരീക്ഷം ശാശ്വതമായി കൈവന്നാല്‍ ഒരു പാട് പ്രതിഭാ സമ്പന്നര്‍ ഇവിടെ ജന്മമെടുക്കും. രാക്ഷ്ട്രീയത്തിന്റെയും മതത്തിന്റെയും നന്മയുടെ മതില്‍കെട്ടുകള്‍ തകര്‍ത്തു നാം പടുത്തുയര്‍ത്തിയ കുടുസ്സായ ചിന്തകളില്‍ നിന്നും മോചിതരായി നമുക്കൊന്നിച്ച്‌ അദീലയുടെ വിജയത്തില്‍ അഭിമാനിക്കാം.

ഉയരങ്ങള്‍ താണ്ടാന്‍ അദീലയ്ക്ക് കഴിയട്ടെ എന്ന് പ്രാര്ത്തിക്കാം. നന്മയുടെ മനസ്സുകള്‍ തുറന്നിടുക. ആ വാതായനത്തിലൂടെ മാലാഖമാര്‍ കടന്നു വന്നു ഇവിടെ പരിമളം പരത്തട്ടെ.